Search On Blog

x

2012, ജനുവരി 13, വെള്ളിയാഴ്‌ച

വി.എസ്സിനെതിരെ ആഞ്ഞടിച്ച് പിണറായി



വി.എസ്സിനെതിരെ ആഞ്ഞടിച്ച് പിണറായി 

സി.പി.എം.കൊല്ലം ജില്ലാ സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഞ്ഞടിച്ചു.

ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന ചര്‍ച്ചയ്ക്കുശേഷം മറുപടി പറയവേയാണ് വി.എസ്സിന്റെ നടപടികളോടുള്ള ശക്തമായ വിയോജിപ്പ് പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. അക്കമിട്ട് നിരത്തിയുള്ള ആക്രമണം ഒരു മണിക്കൂറോളം നീണ്ടു.

ലാവലിന്‍ കേസില്‍ പാര്‍ട്ടിനിലപാടിന് എതിരായ സമീപനമാണ് വി.എസ്.കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ തനിക്കെതിരെ ആദ്യം തിരിഞ്ഞത് വി.എസ്.ആണ്. സി.പി.എം.പാര്‍ട്ടി ജനറല്‍ സെക്രട്ടറികൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനത്തിനുശേഷമാണ് ലാവലിന്‍ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്ന് വി.എസ്.പറഞ്ഞത്. മന്ത്രിസഭായോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനവേദികളെ വിവാദമുണ്ടാക്കാനാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ സ്ഥിരമായി ഉപയോഗിച്ചത്.

പി.ഡി.പി.യുമായി സി.പി.എമ്മിന് ഒരു ബന്ധുവുമില്ലായിരുന്നു. എന്നാല്‍ ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്ന നിലപാടാണ് വി.എസ്.എടുത്തത്. പി.ശശിവിഷയം വഷളാക്കിയതും വി.എസ്സിന്റെ പ്രസ്താവനകളായിരുന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി.

ജനതാദള്‍(എസ്) മുന്നണി വിട്ടുപോയതില്‍ ദുഃഖമുണ്ടെന്ന് വി.എസ്.പറഞ്ഞത് പാര്‍ട്ടി നിലപാടിന് കടകവിരുദ്ധമായിരുന്നു. ഇങ്ങനെ ഓരോ വിഷയത്തിലും പാര്‍ട്ടിനേതൃത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാടുകളും സമീപനങ്ങളുമാണ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 5 വര്‍ഷകാലയളവിലുണ്ടായത്. പിണറായി വിജയന്‍ പറഞ്ഞു. ഫാരിസ് അബൂബക്കര്‍ വെറുക്കപ്പെടേണ്ടവനായിരുന്നുവെന്ന് വി.എസ്. പറയേണ്ടിയിരുന്നില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ നയിച്ച നവകേരളയാത്ര ഏതാണ്ട് ബഹിഷ്‌ക്കരിച്ചുവെന്ന സമീപനമായിരുന്നു വി.എസ്സിന്‍േറത്. പോളിറ്റ് ബ്യൂറോയുടെ നിലപാടുകളെപ്പോലും വി.എസ്.പരസ്യമായി വെല്ലുവിളിക്കുകയും പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിയുണ്ടാക്കുകയും ചെയ്തു. പിണറായി ആരോപിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വലിയ തോല്‍വി ഇതെല്ലാംകൊണ്ടായിരുന്നുവെന്നും അദ്ദേഹം സമര്‍ത്ഥിച്ചു.

ജില്ലാ സമ്മേളനത്തിലെ സമാപനദിനമായ ബുധനാഴ്ച ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായ സ്ഥിതിക്ക് ഔദ്യോഗികപാനലിനെതിരെ മത്സരമുണ്ടാകാനാണ് സാധ്യത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ