Search On Blog

x

2012, ജനുവരി 2, തിങ്കളാഴ്‌ച

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കും.


ബന്ധുവിന് അനധികൃതമായി ഭൂമി നല്‍കാന്‍ ശ്രമിച്ചുവെന്ന കേസിലാണിത്. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഇതിനു നിയമോപദേശം തേടിയിരുന്നു. ഇതുവരെ നടന്ന പ്രാഥമിക പരിശോധനകളില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് നിയമോപദേശം ലഭിച്ചതെന്നു സൂചന.

വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണ ഏജന്‍സി ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യമാണെന്ന് കോടതിയെ അറിയിക്കും. തുടര്‍ന്നാകും വിഎസിനെ പ്രതിചേര്‍ത്ത് അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ പ്രത്യേക സംഘമായിരിക്കും അന്വേഷണവും നടത്തുക.

അച്യുതാനന്ദന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസും ചീഫ് സെക്രട്ടറി പി.പ്രഭാകരനും കേസില്‍ പ്രതിയാകും. ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ലാ കലക്റ്ററും പ്രധാന പ്രതിയാകും. റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിതാ പി. ഹരന്‍ എന്നിവരെ പ്രതിചേര്‍ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

വിമുക്തഭടന്മാര്‍ക്കു ഭൂമിപതിച്ചു നല്‍കുന്ന നടപടി അവസാനിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണു ഭൂമി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചത്. കാസര്‍ഗോഡ് ജില്ലാ കലക്റ്ററും ലാന്‍ഡ് റവന്യൂ കമ്മിഷണറും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ ശക്തമായ താക്കീതു നല്‍കുകയായിരുന്നു.

വിഎസിന്‍റെ ബന്ധുവായ ടി.കെ. സോമന്‍ 1977ല്‍ ഭൂമിയില്ലെന്നു കാണിച്ചു സര്‍ക്കാരിനു നല്‍കിയ അപ്പീലില്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചിരുന്നു. അന്ന് അനുവദിച്ച ഭൂമി ഏറ്റെടുക്കാന്‍ സോമന്‍ തയാറായില്ല. ഇതുമായി ബന്ധപ്പെട്ടു പിന്നീട് കേസുകള്‍ വന്നപ്പോള്‍ 77ലെ നടപടി അസാധുവാക്കി. ഭൂമി നല്‍കേണ്ടതില്ലെന്ന തീരുമാനവുമെടുത്തു. 30 വര്‍ഷം മുന്‍പ് അസാധുവായ നടപടികള്‍ തിരുത്താന്‍ വിഎസ് മുഖ്യമന്ത്രിയായ ശേഷമാണു സോമന്‍ നടപടികള്‍ തുടങ്ങിയത്.

വിഎസിന്‍റെ വല്യച്ഛന്‍റെ മകളുടെ മകനാണു സോമന്‍. സോമനു സ്വന്തമായി സ്ഥലമില്ലെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയില്ല. ആലപ്പുഴയില്‍ സ്ഥിരതാമസമാക്കിയ സോമന് അവിടെ സ്ഥലമുണ്ടോ എന്നു പരിശോധിക്കണമെന്നും കാസര്‍ഗോഡ് നിന്ന് ഇത്തരമൊരു പരിശോധന അസാധ്യമാണെന്നും കാസര്‍ഗോഡ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചാണു സോമന് കൈമാറ്റാവകാശത്തോടെ സ്ഥലം നല്‍കിയത്.

ഭൂമിക്കു വില്‍പ്പനാവകാശം ആവശ്യമാണെങ്കില്‍ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കണം. സോമന്‍ അപേക്ഷ നല്‍കിയതു മുഖ്യമന്ത്രിക്കായിരുന്നു. അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിക്കു കൈമാറുകയും വേണം. പക്ഷേ, സോമന്‍റെ അപേക്ഷ റവന്യൂ വകുപ്പിനോ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ കൈമാറിയിരുന്നില്ല.

അടിയന്തരമായി അനുകൂല നടപടി വേണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കാണു ഫയല്‍ മുഖ്യമന്ത്രി നല്‍കിയത്. ഇന്നത്തെ സാഹചര്യത്തില്‍ പത്തു കോടിയിലധികം രൂപ വിലവരുന്ന സ്ഥലമാണു സൗജന്യമായി നല്‍കിയത്. ഇതു വിവാദമായപ്പോള്‍ അന്നത്തെ റവന്യൂ മന്ത്രി ഇടപെട്ട് റദ്ദാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ